കൊടുങ്ങല്ലൂർ: ധന്യൻ തെയോഫിൻ വലിയ മനുഷ്യസ്നേഹിയായിരുന്നുവെന്ന് ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ. ഫാ. തെയോഫിൻ കപ്പൂച്ചിന്റെ ധന്യപദവിപ്രഖ്യാപനത്തോടനുബന്ധിച്ച് ജന്മസ്ഥലമായ കോട്ടപ്പുറത്തെ ആഘോഷങ്ങളുടെ ഭാഗമായി കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ അർപ്പിച്ച കൃതജ്ഞതാബലിയിൽ മുഖ്യകാർമികത്വം വഹിച്ച് ആമുഖസന്ദേശം നൽകുകയായിരുന്നു ബിഷപ്. വേദനകളുമായി തന്നെ തേടിവന്നവർക്കെല്ലാം സാന്ത്വനവും ആശ്വാസവും നല്കിയ ആത്മീയഗുരുവായിരുന്നു തെയോഫിനച്ചൻ. കോട്ടപ്പുറം രൂപതയുടെയും കോട്ടപ്പുറം ഇടവകയുടെയും അഭിമാനമാണ് അദ്ദേഹമെന്നും ബിഷപ് കൂട്ടിച്ചേർത്തു.
നാമകരണനടപടികളുടെ വൈസ് പോസ്റ്റുലേറ്ററും തെയോഫിനച്ചന്റെ സഹോദരീപുത്രനുമായ ഫാ.റോബിൻ ഡാനിയൽ ഒഎഫ്എം വചനപ്രഘോഷണം നടത്തി. കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. ജോബി കാട്ടാശേരി, എപ്പിസ്കോപ്പൽ വികാരി ഫാ.ഡോ. ഫ്രാൻസിസ്കോ പടമാടൻ, ഫാ.ഡോ. ജോൺസൺ പങ്കേത്ത്, കത്തീഡ്രൽ വികാരി ഫാ.ഡോ. ഡൊമിനിക് പിൻഹീറോ, ഫൊറോന വികാരിമാരായ ഫാ. ജോസഫ് ഒളാട്ടുപ്പുറം, പ്രിൻസ് പടമ്മാട്ടുമ്മൽ, മണലിക്കാട് സയൺ ആശ്രമ സുപ്പീരിയർ ഫാ. വിക്ടർ ഒഎഫ്എം തുടങ്ങി നിരവധി വൈദികർ സഹകാർമികരായി.
ആഘോഷങ്ങൾക്കു മുന്നോടിയായി ധന്യൻ തെയോഫിനച്ചന്റെ കോട്ടപ്പുറത്തെ കൂടല്ലൂർ തറവാട്ടിലെ ജന്മഗൃഹത്തിൽനിന്ന് കത്തീഡ്രൽ അങ്കണത്തിലുള്ള തെയോഫിൻ ആർക്കേഡിലേക്ക് ധന്യന്റെ ഛായാചിത്രപ്രയാണം നടന്നു. തിയോഫിനച്ചന്റെ സഹോദരപുത്രൻ കൂടല്ലൂർ ആന്റണിയിൽനിന്ന് മോൺ. റോക്കി റോബിയും റവ.ഡോ. ഡൊമിനിക് പിൻഹീറോയും ചേർന്ന് ഛായാചിത്രം ഏറ്റുവാങ്ങി.
തുടർന്നു സാഘോഷപ്രദക്ഷിണമായി ഛായാചിത്രം കത്തീഡ്രൽ അങ്കണത്തിലുള്ള തെയോഫിൻ ആർക്കേഡിലെത്തിച്ചു. ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലും നിയുക്ത എംഎൽഎ അഡ്വ.ഒ.ജെ. ജനീഷും വൈദികരും തെയോഫിൻ ആർക്കേഡിൽ പ്രതിഷ്ഠിച്ച ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വികാരി ഫാ.ഡോ. ഡൊമിനിക് പിൻഹീറോ, സഹവികാരി ഫാ. നിഖിൽ മുട്ടിക്കൽ, ഫാ. ടോണി കുന്നത്തൂർ, കൈക്കാരന്മാരായ സെലസ്റ്റിൻ താണിയത്ത്, ജോഷി വലിയപറമ്പിൽ, കുടുംബയൂണിറ്റ് കേന്ദ്രസമിതി പ്രസിഡന്റ് റോബർട്ട് തണ്ണിക്കോട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി ആന്റണി പങ്കേത്ത് തുടങ്ങിയവർ നേതൃത്വം നല്കി.